Monday, 24 August 2015

നജീബ് മൗലവി

മൌലാനാ എ. നജീബ് മൌലവി അവര്കളെക്കുറിച്ച് അല്പം പരിചയം: ഒരേ സമയം ഖാസി, മുഫ്തി, മുദരിസ്, പ്രഭാഷകന്, ഗ്രന്ഥകാരന്, സംഘാടകന് എന്നിങ്ങനെ വിവിധ മേഖലകളില് പ്രവര്ത്തിക്കുന്ന ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായ ഇസ്ലാമിക പണ്ഡിതനാണ് ബഹു: നജീബ് മൌലവി. ഇരുപതാം നൂറ്റാണ്ടില് കേരളം കണ്ട മഹാ പണ്ഡിതനും നിസ്തുല മുഫ്തിയും ആയിരുന്ന ശൈഖുനല് മര്ഹൂം: കെ. കെ. സദഖത്തുല്ല മൌലവി (ഖു.സി.) അവര്കളുടെ വത്സല ശിഷ്യനും മഹാനവര്കള് സ്ഥാപിച്ച കേരള സംസ്ഥാന ജംഇയ്യത്തുല് ഉലമായുടെ സിക്രട്ടറിയും വക്താവുമാണ്. കേരളം കണ്ട വലിയ വലിയ പണ്ഡിത നക്ഷത്രങ്ങൾ ജീവിച്ചിരിപ്പുള്ള കാലത്ത് തന്നെ കേവലം 19 ആമത്തെ വയസ്സിൽ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ നാൽപ്പതംഗ മുഷാവറയിൽ അംഗമാകാൻ ഭാഗ്യം ലഭിച്ചത് ഉലമാക്കളിലെ അഗ്രഗണ്യന്മാർ നേരത്തെ തന്നെ കഴിവും ഇൽമും തിരിച്ചറിഞ്ഞ ഒരു അനുഗ്രഹീത ആലിമാണ് അദ്ദേഹം എന്ന് തെളിയിക്കാൻ പര്യാപ്തമാണ്. വിവിധ സംഘടനകളില് പ്രവര്ത്തിക്കുന്ന സുന്നികള്ക്ക് ഒരു പൊതുവേദി ആയി ബഹു: പാണക്കാട് സയ്യിദ് അബ്ദുൽ ജബ്ബാർ ശിഹാബ് തങ്ങള് രൂപം നല്കിയ കേരള സുന്നി ജമാഅത്തിന്റെ ഓർഗനൈസിംഗ് ജന: സിക്രട്ടറി ആയ നജീബ് മൌലവി അവര്കള് വണ്ടൂര് ജാമിഅ: വഹ്ബിയ്യ: അറബിയ്യ:പ്രിന്സിപ്പാൾ, മഞ്ചേരി ദാറുസ്സുന്ന:യിലും സ്ഥിരം മുദരിസ്, കര്ണാടക സുള്ള്യ ഹാമിദാബാദ് ജാമിഅ: ബുഖാരിയ്യ: യിൽ വിസിറ്റിംഗ് പ്രൊഫസർ കൂടിയാണ്. പരിശുദ്ധ ഖുർആനിന്റെയും അതിന് മുമ്പുള്ള പൂർവ്വ വേദങ്ങളുടെയും ലഭ്യമായ വിവരങ്ങളിൽ ഏതും എത്രയും കൃത്യമായി എഴുതിയും പ്രസംഗിച്ചും ദർസ്സ് നടത്തിയും നിവാരണം നടത്തിക്കൊടുക്കാൻ കെൽപ്പുള്ള അത്യപൂർവ്വ വിജ്ഞാനങ്ങളുടെ സാഗരമാണ് മൌലാന എന്നത് അവിതർക്കിതമായി സകല സംഘടനകളിലും പ്രവർത്തിക്കുന്ന അവിടുത്തെ ശിഷ്യന്മാർ വ്യക്തമാക്കുന്നതാണ്. വിവിധ മഹല്ലുകളുടെ ഖാസി സ്ഥാനം അലങ്കരിക്കുന്നു എന്ന് മാത്രമല്ല ഇസ്ലാമിക വിഷയങ്ങളിൽ ഏതു സങ്കീർണ്ണമായ പ്രശ്നങ്ങൾക്കും തീർപ്പ് കണ്ടെത്താൻ മുസ്ലിമീങ്ങൾക്ക് എന്നും മുതൽക്കൂട്ടായിട്ടുള്ള നുസ്രത്തുൽ അനാം, ബുൽബുൽ എന്നീ മാസികകളുടെ പത്രാധിപര് കൂടിയാണ് മഹാനവർകൾ. ഇസ്ലാമിക പ്രസാധക സംഘം (IPS) മേധാവി, അന്പതില് അധികം ഗ്രന്ഥങ്ങളുടെ രചയിതാവ്, എന്നിങ്ങനെ ദീനീ സേവന രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഇതിനകം ആയിരക്കണക്കിന് വേദികളിൽ അവിടുന്ന് നടത്തിയ പ്രഭാഷണങ്ങള് ആവർത്തന വിരസതയോ മടുപ്പോ സൃഷ്ടിക്കാതെ ഓരോ വരികളിലും ഒരായിരം അർഥം ഉൾക്കൊള്ളിച്ചത് അറിവിനെ തേടുന്നവർക്ക് എന്നും ഉപകാരപ്രദം ആയിട്ടുണ്ട്. വിവിധ വിഷയങ്ങളിലായി മൂവായിരത്തിലധികം ഫത്'വകള് നല്കിയിട്ടുണ്ട്. എത്ര ഗഹനവും വിവാദവുമായ വിഷയങ്ങൾക്കും അവിടുന്ന് നൽകുന്ന വിശദമായ 'നിവാരണം' പംക്തി ഉലമാക്കൾക്കും സാധാരണക്കാർക്കും ഏതു വിഷയത്തിലും സകല സംശയങ്ങളും ദൂരീകരിക്കാൻ പര്യാപ്തമാണ് എന്ന് കാലം തെളിയിച്ച സത്യമാണ്. നാട്ടിലാകെ ഫിത്നയുമായി കടന്നു വന്ന ഖാദിയാനീ വിഭാഗത്തിനെതിരെ അവിടുന്ന് നടത്തിയ ഖണ്ഡനം പ്രസിദ്ധവും അനുപമവും അതിസുന്ദരവുമായ ചരിത്രമാണ്‌. അദ്ദേഹം രക്ഷാധികാരിയായ ഇസ്ലാമിക് ദഅ'വാ ഫാക്കല്റ്റി (IDF) സുന്നത്ത് ജമാഅത്തിന്റെ ആശയാദര്ശങ്ങള് വിശദീകരിച്ചു കൊണ്ട് കേരളത്തിലെ വിവിധ സ്ഥലങ്ങളില് നടത്തിക്കൊണ്ടിരിക്കുന്ന "നേര്ക്കുനേര്" പരിപാടികള് സത്യാന്വേഷികള്ഏറ്റെടുത്ത് നെഞ്ചോട് ചേർത്തു. ഇന്നും നവമാധ്യമങ്ങളിൽ നേർക്കുനേർ പരിപാടിയുടെ വിശദീകരണങ്ങളും ചോദ്യോത്തര പരിപാടികളും അടങ്ങിയ വീഡിയോകളും ഓഡിയോകളും ബിദഈ പാളയത്തെ കടന്നാക്രമിച്ചു അവർ ഉയർത്തുന്ന സകല പിഴച്ച വാദങ്ങളുടെയും മുനയൊടിക്കാൻ സംഘടനാ ഭേദമന്യേ സുന്നീ വിശ്വാസികൾ ഉപയോഗപ്പെടുത്തുന്നു. ഭാഷാപരമാകട്ടെ ചരിത്രപരമാകട്ടെ, ആനുകാലിക വിഷയങ്ങൾ ആകട്ടെ, ഏതിലും അവിടുത്തെ അവഗാഹം പ്രബോധന വീഥിയിൽ പ്രവർത്തിക്കുന്ന സകല ദാഇകൾക്കും മാതൃകയും അഭിമാനിക്കാൻ വക നൽകുന്നതുമാണ്. സംഘടനാ ഭേദം നോക്കാതെ തന്നെ ബിരുദധാരികളായ പണ്ഡിതന്മാർക്ക്‌ അവിടുത്തെ നേതൃത്വത്തിൽ മഞ്ചേരി ദാറുസ്സുന്നയിൽ നടത്തുന്ന ദാഈ കോഴ്സിൽ കേരളത്തിലെ ഏറ്റവും മികച്ച യുവപണ്ഡിതന്മാർ പലരും പഠിച്ചിറങ്ങുകയും പഠിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. സംഘടനാ സങ്കുചിതത്വത്തിന്റെ ഇരുട്ട്‌ വിജ്ഞാനത്തിന്റെ വെളിച്ചത്തെ പ്രസരിപ്പിക്കുന്നതിന്‌ തടസ്സമാകുന്ന ഇന്നത്തെ കാലത്തും അശേഷം സങ്കുചിത ചിന്തയില്ലാതെ ആർക്കും അറിവ്‌ പകർന്നു കൊടുക്കുന്ന മഹാനവർ കളുടെ ഉത്തരവാദിത്ത ബോധവും സത്യദീനിനോടുള്ള കൂറും നിറഞ്ഞ മനസ്സ്‌ മറു സംഘടനക്കാർ വരേ തല താഴ്ത്തി സമ്മതിക്കുന്നു. ഇസ്ലാമിക കർമ്മ, വിശ്വാസ, തസവ്വുഫീ വിജ്ഞാനീയങ്ങളിൽ മാത്രമല്ല മതാന്തരീയ വിഷയങ്ങളിലും ആരോഗ്യ, ആനുകാലിക വിഷയങ്ങളിലും പോലും അവിടുത്തെ നിരീക്ഷണങ്ങളും പഠനങ്ങളും എത്ര കിറു കൃത്യമാണ്‌ എന്നത്‌ അവിടുത്തെ എഴുത്തുകളും പ്രസംഗങ്ങളും വായിക്കുന്ന, കേൾക്കുന്ന ഏതൊരാൾക്കും വ്യക്തമാകും. നുസ്രത്തുൽ അനാം മാസികയിൽ അവിടുത്തെ 'വഹ്ഹാബിസം' എന്ന ലേഖന പരമ്പര 40 ലക്കങ്ങൾ പിന്നിട്ടു കഴിഞ്ഞു. അപ്രതിരോധ്യമായ വിഷയ സമർത്ഥനവും വിഷയത്തിന്റെ ആഴത്തിൽ ചെന്നു തറക്കുന്ന വിശദീകരണങ്ങളുമായി ഇത്ര വിപുലമായ ഒരു ലേഖന പരമ്പര ' വഹ്ഹാബിസം' എന്ന പിഴച്ച സംഘത്തെ കുറിച്ച്‌ ആഗോളാടിസ്ഥാനത്തിൽ തന്നെ ഉണ്ടായിട്ടുണ്ടോ എന്നത്‌ സംശയമാണ്‌. 2009-ല് ബഹു: പാണക്കാട് ബഷീര് അലി ശിഹാബ് തങ്ങളില് നിന്നും ഏറ്റവും മികച്ച ഇസ്ലാമിക പ്രബോധകനുള്ള ശംസുല് ഉലമാ ഖുതുബി (ന. മ.) അവാര്ഡ് സ്വീകരിക്കുകയുണ്ടായി. തഖ് വായുടെയും സുഹ്ദിന്റെയും ഉത്തമമായ മാതൃക എമ്പാടും ആ തിരുജീവിതത്തിൽ ദർശിക്കാൻ കഴിയും. ഇൽമിന്റെ ഘനം പുറത്തു കാണിക്കാത്ത വിനയത്തിന്റെ പ്രതിരൂപമായ തികഞ്ഞ ആബിദ് കൂടിയാണ് അദ്ദേഹം.. ആകെക്കൂടി അല്ലാഹു ഇസ്ലാമിക കൈരളിക്ക് കനിഞ്ഞരുളിയ അമൂല്യമായ ഒരു വിജ്ഞാന നിധിയാണ് മൌലാന നജീബ് മൗലവി അവർകൾ.. അവിടുത്തേക്ക്‌ അല്ലാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ്‌ കൊടുക്കട്ടെ..ആ വന്മരത്തിന്റെ തണലിൽ ഒരുപാട്‌ കാലം പ്രവർത്തിച്ച്‌ ജീവിക്കാൻ അല്ലാഹു നമ്മെയെല്ലാം തുണക്കട്ടെ..

No comments:

Post a Comment